ഇടുക്കി: മൂന്നാര്‍ പോസ്‌റ്റോഫീസില്‍, മൂന്ന് ദിവസം കൊണ്ട് അക്കൗണ്ട് ആരംഭിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. തന്‍റെ ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും 15 ലക്ഷം വച്ച് ബാങ്ക് അക്കൗണ്ടുകളില്‍ ഇടുമെന്ന നരേന്ദ്ര മോദിയുടെ പഴയ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ അടിസ്ഥാനമാക്കിയായിരുന്നു സമൂഹ മാധ്യമമായ വാട്സാപ്പില്‍ സന്ദേശം പ്രചരിച്ചത്.  

മൂന്ന് ദിവസം കൊണ്ട് മൂന്നാറില്‍ വ്യാപകമായി സന്ദേശം പ്രചരിച്ചതോടെ ആളുകള്‍ കൂട്ടമായി പോസ്റ്റോഫീസികളിലേക്ക് പുതിയ അക്കൗണ്ടെടുക്കാന്‍ എത്തുന്നതിനെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വ്യാജപ്രചരണം ആരംഭിച്ചത്. കേന്ദസര്‍ക്കാരിന്‍റെ 'മുദ്ര'യടക്കമുള്ള പദ്ധതികള്‍ പോസ്‌റ്റോഫീസുകള്‍ വഴിയാണ് നടത്തപ്പെടുന്നതെന്നും ഇതുവഴി ലക്ഷക്കണക്കിന് രൂപ ഓരോരുത്തരുടെ അക്കൗണ്ടിലേക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നിക്ഷേപിക്കുമെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. 

കൂടുതല്‍ വായനയ്ക്ക്: മോദി വക 15 ലക്ഷമെന്ന് സന്ദേശം; അക്കൗണ്ടെടുക്കാന്‍ ആള് കൂടിയതോടെ മൂന്നാര്‍ പോസ്റ്റോഫീസ് ഞായറാഴ്ചയും തുറന്നു

സന്ദേശം വ്യാപകമായതോടെ മൂന്നാര്‍ പോസ്‌റ്റോഫീസിലേക്ക് തൊഴിലാളികളുടെ കുത്തൊഴുക്ക് ആരംഭിക്കുകയായിരുന്നു. അക്കൗണ്ട് എടുക്കാനായെത്തിയവരുടെ തിരക്ക് കാരണം ഞയറാഴ്ച പോലും പോസ്റ്റോഫീസ് തുറന്നുപ്രവര്‍ത്തിച്ചു. അക്കൗണ്ട് തുടങ്ങുന്നവരുന്ന എണ്ണം ആയിരം പിന്നിട്ടതോടെ വ്യാജപ്രചരണത്തില്‍ കുടുങ്ങരുതെന്ന ബോര്‍ഡുകള്‍ പോസ്‌റ്റോഫീസ് ജീവനക്കാര്‍ സ്ഥാപിച്ചെങ്കിലും തൊഴിലാളികളുടെ തള്ളിക്കയറ്റം തടയാന്‍ കഴിഞ്ഞില്ല. 

ഇതോടെ പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കേണ്ടിവന്നു. വ്യാജപ്രചരണമാണ് മൂന്നാറില്‍ നടക്കുന്നതെന്ന മാധ്യമ വര്‍ത്തകള്‍ പുറത്തവന്നതോടെയാണ് പോസ്‌റ്റോഫീസിലെ നീണ്ട ക്യു അവസാനിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് അക്കൗണ്ടുകളുടെ എണ്ണം ആയിരം കവിഞ്ഞതോടെ പോസ്‌റ്റോഫീസ് ഹൈടെക് ആയി മാറിക്കഴിഞ്ഞു. വ്യാജപ്രചരണങ്ങളുടെ പേരില്‍ തൊഴിലാളികള്‍ക്ക് സമയവും പണവും നഷ്ടമായെങ്കിലും പ്രചരണങ്ങള്‍ ഓഫീസിന് നേട്ടമായി.