Asianet News MalayalamAsianet News Malayalam

16 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച  16 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  

16 priority ration cards were seized
Author
Kozhikode, First Published May 18, 2019, 10:55 PM IST

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍, ചെറുവാടി, ചുള്ളിക്കാപറമ്പ്, പന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച  16 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  

ഇരുനില വീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ബാബുരാജ് , റേഷനിംഗ് ഇന്‍സ്‌പെക്ടറായ സദാശിവന്‍, ജീവനക്കാരനായ പി കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.  

പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക്       മാറ്റണം. അല്ലെങ്കില്‍ പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.  

സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000/- രൂപക്ക് മുകളിലുള്ള വിദേശത്ത് ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ / ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ ( ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000/- രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ / എഎവൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരുമെന്നും താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios