ആലപ്പുഴ: നഗരത്തിൽ കാളാത്ത് ഭാഗത്തെ വീട്ടിൽ നിന്നും 20 പവൻ അപഹരിച്ച രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊറ്റംകുളങ്ങര തിരുനെല്ലിയിൽ നിജീഷ്(33), കൊറ്റംകുളങ്ങര പൂജപ്പറമ്പിൽ എസ് വേണു(46) എന്നിവരാണ് അറസ്റ്റിലായത്. 

പുന്നമടയിലെ റിസോർട്ടിൽ ഷെഫായി ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിയായ കുമാർ കുടുംബവുമായി വാടകയ്ക്ക് താമസിച്ചിരുന്ന കാളാത്ത് തോപ്പുവെളിയിലെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ 30നാണ് മോഷണം നടന്നത്. ഈ സമയം കുമാറും കുടുംബവും ചെന്നെയിൽ ക്വാറന്റനിലായിരുന്നു. ഭാര്യയുടെ സഹോദരന് അറ്റാക്ക് ഉണ്ടായതിനെ തുടർന്ന് പെട്ടെന്നാണ് കുമാറും കുടുംബവും ചെന്നെയ്ക്ക് പോയത്. 

അവിടെ കൊവിഡ് രൂക്ഷമായ സമയമായതിനാൽ തിരികെ പോരാൻ സാധിച്ചില്ല. വീടിന്റെ ഉടമ പറമ്പിലെ ചക്ക നോക്കാൻ വന്നപ്പോഴാണ് മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ മുറികളിലാകെ കറിമസാല പൗഡർ വിതറിയും ബാത്ത്റൂമിലെ വെന്റിലേഷന്റെ രണ്ട് ചില്ലുകളും ഊരി മാറ്റിവെച്ച നിലയിലായിരുന്നു. ഫിംഗർപ്രിന്റ് ബ്യൂറോയും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും അവ്യക്തമായ നിലയിലുള്ള മൂന്ന് ഫിംഗർപ്രിന്റ് ലഭിച്ചിരുന്നു.

ലോക്ക് ഡൌൺ സമയമായതിനാൽ പുറമെ നിന്നും ആരും വന്ന് മോഷണം നടത്താൻ സാധ്യതയില്ലെന്ന വിശ്വാസത്തിൽ പരിസരവാസികളായ അമ്പതോളം പേരുടെ ഫിംഗർ പ്രിന്റ് ശേഖരിച്ചും സ്വർണ്ണം പണയം വെക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. കൊവിഡ് സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. 

അടുത്തിടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഇത്തരം കേസുകളിൽ അന്വേഷണ മികവ് കാട്ടിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചു. പ്രസ്തുത സംഘം നടത്തിയ അന്വേഷണത്തിൽ ഈ സ്ഥലത്തുള്ള ഒരാളുടെ സുഹൃത്ത് രണ്ട് ലക്ഷം രൂപ വിലയുള്ള തത്തയെ വാങ്ങിയതായും ചിലയാളുകൾ അമിതമായി മദ്യപിക്കുന്നതിനും മറ്റും പണം ചെലവാക്കുന്നതായും വിവരം ലഭിച്ചു. 

സംഭവസമയങ്ങളിൽ പ്രദേശത്തുണ്ടായിരുന്നവരുടെ ഇപ്പോഴത്തെ ജീവിത നിലവാരമാണ് പ്രധാനമായും അന്വേഷിച്ചത്. ഈ സ്ഥലത്തും പരിസരത്തുമുള്ള അറുപതോളം പേരുടെ ഒരു വർഷത്തെ ഫോൺവിളികളും സംഭവ ദിവസങ്ങളിൽ പ്രദേശത്തെ ടവറുകളിലെ ഫോൺ വിളികളും ശേഖരിച്ച് അന്വേഷണങ്ങൾ നടത്തി. അന്വേഷണത്തിൽ മുൻപ് ഇവിടെ ആട്, കോഴി, ഗ്യാസ് സിലിണ്ടർ തുടങ്ങിയവ മോഷ്ടിച്ചിട്ടുള്ളയാളും ഇപ്പോൾ പുന്നപ്രയിൽ താമസക്കാരനുമായ നിജീഷ് എന്നയാൾ ലോക്ക്ഡൌൺ സമയത്ത് മോഷണം നടന്ന വീടിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ടെറസിന് മുകളിൽ ഒരാഴ്ചയോളം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. 

നിജീഷിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചതിൽ പുന്നപ്രയിൽ ആദ്യം താമസിച്ചിരുന്ന വീട്ടിൽ നിന്നും മാറിയതായും തന്റെ വീട്ടിലേക്ക് പുതുതായി ഗൃഹോപകരണങ്ങളും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങിയതായും പലർക്കും പണം പലിശയ്ക്ക് കൊടുക്കുന്നതായും മദ്യപിക്കുന്നതിനും മറ്റും ഓട്ടോയിൽ സഞ്ചരിക്കുന്നതായും അമിതമായി പണം മുടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. 

നിജീഷ് ജുവൽ ബോക്സിന്റെ പണിക്കാരനാണ്. രണ്ടാം പ്രതി വേണുവിനോടൊപ്പമാണ് ജൂവൽ ബോക്സിന്റെ ജോലി ചെയ്തിരുന്നത്. വേണുവിന്റെ പരിചയത്തിലുള്ള ആലപ്പുഴയിലേയും ആലുവയിലേയും ജൂവലറികളിലാണ് സ്വർണ്ണം വിറ്റത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.