നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

ഇടുക്കി: നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ നാളെ അപേക്ഷ നൽകും. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിൽ 17കാരി അപകടനില തരണം ചെയ്തു. അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെടുങ്കണ്ടം കോന്പയാർ സ്വദേശി ആഷിഖ് ഉൾപ്പെടെ 3 പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾ റിമാൻഡിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക്, അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കി. ആഷിക്ക് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. 

അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വീഡനത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. അന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനായിരുന്നു. 

ദളിത് വിഭാഗത്തില്‍പ്പെട്ട 17കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കൃത്യത്തിന് ശേഷം പ്രതികള്‍ നാടു വിടാനായിരുന്നു പദ്ധതി. വിവരമറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പിമാരായ കെ.ആര്‍ ബിജുമോന്‍, വി.എ നിഷാദ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ആണ്‍സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം