വാടക വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതിന് കൊലപാതകശ്രമം. 18കാരൻ പിടിയിൽ

തൃശൂര്‍: ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പുത്തന്‍ച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പില്‍ വീട്ടില്‍ ഫസലി (18) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുതുപ്പാറ വീട്ടില്‍ ഷാജിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കരൂപടന്നയില്‍ ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഫസലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിരുന്നു. ഇതിലുള്ള വിരോധത്താല്‍ മുറിയില്‍ വച്ച് പ്രതി ഷാജിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ഷാജിക്ക് ഗുരുതര പരുക്കേറ്റു. ഷാജിയുടെ 1500 രൂപ വില വരുന്ന മൊബൈല്‍ ഫോണും 3000 രൂപ വില വരുന്ന രണ്ട് വാച്ചും പേഴ്‌സില്‍ ഉണ്ടായിരുന്ന 4000 രൂപയും പ്രതി കവര്‍ന്നു. ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.

അറസ്റ്റിലായ ഫസല്‍ മാള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 55000 രൂപയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം.കെ. ഷാജി, എസ്.ഐ. എം.ആര്‍. കൃഷ്ണപ്രസാദ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. അന്‍വറുദ്ദീന്‍, ജി.എസ്.സി.പി.ഒ മാരായ എന്‍.എം. ഗിരീഷ്, ടി.ജെ. സതീഷ്, സുജിത്ത് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം