19കാരൻ വിമൽകുമാറിന്റെ തിരിച്ചു വരവിനായി ജീവിത ദുരിതങ്ങളോട് പടവെട്ടുന്ന  എറണാകുളം കുറുപ്പംപടി സ്വദേശിനി ഷിബിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരു

കൊച്ചി: വാഹാനാപകടത്തിൽ ശരീരം തളർന്നു പോയ മകനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ തളരാതെ പോരാടിക്കൊണ്ട് ഒരമ്മ. എറണാകുളം കുറുപ്പംപടി സ്വദേശിനി ഷിബിയാണ് 19കാരൻ വിമൽകുമാറിന്റെ തിരിച്ചു വരവിനായി ജീവിത ദുരിതങ്ങളോട് പടവെട്ടുന്നത്. ഒരു പരിപാടിക്ക് പോകാനായി കോളേജിലെ ഒരു ഡ്രസ് എടുക്കാൻ പോയതായിരുന്നു, ബൈക്ക് അപകടത്തിൽ പെട്ടു. മകനെ കാണാതായി ഫോൺ വിളിച്ചപ്പോഴാണ് മകൻ ആശുപത്രിയിലാണെന്ന് മനസിലായത്. ചികിത്സയിലിരിക്കെ ആദ്യ രണ്ട് ദിവസങ്ങളിൽ വിമൽകുമാറിന് കുഴപ്പമില്ലായിരുന്നു. എന്നാൽ മൂന്നാമത്തെ ദിവസമാണ് 19കാരന്റെ അവസ്ഥ മോശമായത്. 

പെട്ടന്ന് ആരോഗ്യ നില മോശമാകാൻ കാരണമായത് ഹൃദയാഘാതമാണ് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കോളേജ് പഠനത്തിനൊപ്പം കാറ്ററിംഗ് ജോലിക്ക് പോയി വിമൽകുമാർ തന്നെയായിരുന്നു പഠനത്തിന്റെ ഫീസ് അടച്ചിരുന്നത്. ഫിസിയോതെറാപ്പിക്കായി കോലഞ്ചേരി ആശുപത്രിയിലാണ് കാണിക്കുന്നത്. രാത്രിയും പകലുമെന്നില്ലാതെ മകനെ നോക്കണം. ഒരു ദിവസം മരുന്നിനായി തന്നെ 1500 രൂപയിലധികം ചെലവ് വേണ്ടി വരുന്നുണ്ട്. കുടുംബവുമായി അത്ര രസത്തിലല്ലാത്ത വിമൽകുമാറിന്റെ പിതാവ് മകന്റെ കാര്യങ്ങൾ അന്വേഷിക്കുക കൂടി ചെയ്യാറില്ല. 

കുറുംപ്പടിയിലൊരു തടിമില്ലിൽ കൂലിപ്പണിയുണ്ടായിരുന്നു ഷിബിക്ക്. മകന് ചികിത്സ തുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടു. ഇതോടെ വരുമാനം നിലച്ചു. പലരുടെയും സഹായത്തിലാണ് വാടകമുറിയിലെ ജീവിതം തളളിനീക്കുന്നത്. സഹായത്തിനുണ്ടായിരുന്ന മകളും മരിച്ചതോടെ ഷിബിയുടെ വീണ്ടും പ്രതിസന്ധിയിലായി. സ്കൂൾ തലത്തിലും കോളേജിലും ഹോക്കി താരമായിരുന്നു വിമൽ. പ്രതിസന്ധികൾക്കിയിലും തളരാതെ കുതിക്കാൻ ഹോക്കി സ്റ്റിക്ക് കൈയിലെടുത്ത കായികപ്രേമി കൂടിയായിരുന്നു ഈ 19കാരൻ. ഇതിഹാസ താരം പി ആർ ശ്രീജേഷിനെ ഹൃദയത്തിൽ കൊണ്ടുനടന്ന കൗമാര താരം. മൂന്ന് വർഷം മുൻപ് മകളുടെ മരണം. തളർന്നു പോയ മകൻ. എങ്കിലും ഷിബി മുന്നോട്ട് നീങ്ങുന്നതത്രയും പ്രതീക്ഷയിലാണ്. അതിന് വിമലിന് മികച്ച ചികിത്സ ലഭിക്കണം. മകൻ എഴുന്നേൽക്കണം. പഠിക്കണം. ആ പ്രതീക്ഷ കാക്കാൻ നിങ്ങളുടെ സഹായം ഷിബിക്ക് കൂടിയേ തീരു. 

അക്കൗണ്ട് വിവരങ്ങൾ: 
Shiby Vijayakumar
Acc. No - 12920100117998
IFSC - FDRL0001292
Branch - Kombanadu, Ernakulam
G Pay - 7902944569