കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2.55 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് യൂണിറ്റും കോഴിക്കോട് പ്രീവൻറീവ് കസ്റ്റംസും പിടികൂടി. കഴിഞ്ഞ ദിവസം ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം അരിമ്പ്ര സ്വദേശി അനൂപിൽ നിന്നാണ് 1.12 കിലോ സ്വർണ്ണ മിശ്രിതം പരിശോധനയിൽ കണ്ടെടുത്തത്.

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. താമരശ്ശേരി പുളിക്കലകത്ത് ഷൈജിൽ നിന്നും 2.36 കിലോഗ്രാം, അടിവാരം സ്വദേശി പേട്ടയിൽ ആശിഷിൽ നിന്നും 1.75 കിലോഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു. ഇരുവരും മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്. പ്രീവൻറീവ് കസ്റ്റംസ് വയനാട് കമ്പളക്കാട് സ്വദേശി എളംചേരി ഫെമിനിൽ (21) നിന്നാണ് സ്വർണ്ണം പിടിച്ചത്. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 872 ഗ്രാം സ്വർണമിശ്രിതമാണ് ലഭിച്ചത്. ഇവയ്ക്ക് വിപണിയിൽ 36 ലക്ഷം രൂപ വില വരും.