വിൽപ്പനക്കായി സൂക്ഷിച്ച 234.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കൊച്ചി: കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് കായംകുളം സ്വദേശികളായ സുധീർ, ആസിഫ് എന്നിവരെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 234.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറി.
അതേസമയം, തൃശൂർ കയ്പമംഗലത്ത് എം.ഡി.എം.എ യുമായി മറ്റൊരു യുവാവ് അറസ്റ്റിലായി. കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു പരിശോധനയും അറസ്റ്റും. ഉച്ചക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് സനൂപിന്റെ വീട്ടിൽ നിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ് സനൂപ്.

