പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. 15.25 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍. തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കല്‍ വീട്ടില്‍ മിബിന്‍, കണയന്നൂര്‍ പൊന്നൂക്കര സ്വദേശി മാളിയേക്കര്‍ വീട്ടില്‍ മനു ഗോഡ്‌വിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി കരുതിയ 15.25 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മിബിന്‍ ചാലക്കുടി, എളമക്കര, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, സ്ത്രീകളോട് ലൈംഗിക അതിക്രമം, മയക്കു മരുന്ന് ഉപയോഗം, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യുക, തുടങ്ങി എട്ട് കേസുകളില്‍ പ്രതിയാണ്.

മനു ഗോഡ്‌വിന്‍ കളമശേരി, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യല്‍ തുടങ്ങി 5 കേസുകളുണ്ട്. പുതുക്കാട് എസ്.എച്ച്.ഒ. ആദംഖാന്‍, എസ്.ഐ മാരായ പ്രദീപ്, വൈഷ്ണവ്, സുധീഷ്, ജെനിന്‍, ലിജു, ഡാന്‍സാഫ് സംഘത്തിലെ ജി.എസ്.ഐമാരായ ജയകൃഷ്ണന്‍, സതീശന്‍ മഠപ്പാട്ടില്‍, ഷൈന്‍, ജി.എ.എസ്.ഐ മാരായ സൂരജ്, സില്‍ജോ, റെജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.