തൃശൂര്‍ പുതുക്കാട് തൃക്കൂര്‍ - കുഞ്ഞനംപാറ റോഡിലെ കോനിക്കരയില്‍ രൂപപ്പെട്ട കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. കലുങ്കിനോട് ചേര്‍ന്നുള്ള കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.

തൃശൂര്‍: പുതുക്കാട് തൃക്കൂര്‍ - കുഞ്ഞനംപാറ റോഡില്‍ കോനിക്കരയില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയാകുന്നു. ഏറെയും ഇരുചക്ര വാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. നിരവധി അപകടങ്ങളാണ് അടുത്തിടെയായി ഇവിടെ സംഭവിച്ചത്. കലുങ്കിനോട് ചേര്‍ന്ന് രൂപപ്പെട്ട കുഴികള്‍ അകലെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് ശ്രദ്ധയില്‍ പെടാതെ വരുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

കുഴിയില്‍ വീഴുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചുവീണാണ് പരിക്കേല്‍ക്കുന്നത്. ഒന്നര മാസത്തിനിടെ ഇരുപതോളം അപകടങ്ങളാണ് ഈ കുഴിയില്‍ വീണുണ്ടായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ഇവിടെ കുഴികള്‍ രൂപപ്പെട്ടത്. മഴ ശക്തമായതോടെ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം മാത്രം രണ്ട് അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്.

കല്ലൂര്‍ സ്വദേശിയായ യുവതിക്ക് സ്‌കൂട്ടര്‍ മറിഞ്ഞും ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍റെ മുച്ചക്ര വാഹനം മറിഞ്ഞും അപകടം സംഭവിച്ചു. ദിവസവും ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തൃക്കൂര്‍ പുത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കലുങ്കിന്റെ സ്ലാബുകളിട്ട ഭാഗത്തെ കുഴികള്‍ മാത്രമാണ് റോഡിന്‍റെ അപാകത. അത്യാധുനിക രീതിയില്‍ നിര്‍മിച്ച റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തി അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.