ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിത്തിനു പുറകുവശം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽക്കുന്നതിനായി ഉപഭോക്താവിനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്

കരുനാഗപ്പള്ളി: കൊല്ലം ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയിൽ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. വലിയ കുളങ്ങര സ്വദേശി മീനാക്ഷി ഭവനത്തിൽ സഞ്ജയ് ആണ് എക്സൈസിന്റെ പിടിയിലായത്. 20 കാരനായ ഇയാളിൽ നിന്നും 5 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.

കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉത്സവത്തിനിടെ ജനത്തിരക്കേറിയ സമയത്ത് ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിത്തിനു പുറകുവശം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽക്കുന്നതിനായി ഉപഭോക്താവിനെ കാത്ത് നില്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

പ്രതി സഞ്ജയിന്റെ സഹോദരൻ നിലവിൽ കാപ്പ ചുമത്തപ്പെട്ടു ജയിലിൽ കഴിഞ്ഞു വരികയാണെന്നും എക്സൈസ് അറിയിച്ചു. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമിഷണർ വി എ പ്രദീപിൻ്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം പ്രിവെൻറ്റീവ് ഓഫീസർ എബിമോൻ കെ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ആർ, അൻഷാദ് എസ്, ശ്രീകുമാർ എസ്, ഡ്രൈവർ പി എം മൻസൂർ എന്നിവർ പങ്കെടുത്തു.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി റോബർട്ട്‌ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം