മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. 

സുൽത്താൻ ബത്തേരി: വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 

നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്തു നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. 

കോടതിയില്‍ ഹാജരാക്കിയ ആദിത്യനെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിൽ കുട്ടിയുടെ വീട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് വിശദമായി സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. ആത്മഹത്യയിലേക്ക് നയിച്ച ചാറ്റുകൾ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...