ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ റാന്നി കെഎസ്ആർടിസി ഡിപ്പോയിൽ അതിക്രമിച്ചുകയറി ബസിന്റെ ചില്ല് തകർത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റാന്നി അങ്ങാടി സ്വദേശിയായ നിതിൻ ലെജുവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡിപ്പോയിൽ അതിക്രമിച്ചുകയറി ബസിന്റെ ചില്ല് തകർത്ത യുവാവ് അറസ്റ്റിൽ. റാന്നി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായിൽ വീട്ടിൽ നിതിൻ ലെജു (21) വിനെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി എസ്.ഐ (എസ്.എച്ച്.ഓ) സിബി എസ്., സി.പി.ഒ മാരായ അഞ്ചലോ എം.എൻ, പ്രദീപ് പി., പ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സെപ്റ്റംബർ 5-ന് രാവിലെയോടെയാണ് റാന്നി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 8-ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഡിപ്പോയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് സംഘം സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. ഇതിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഏതോ കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നും ഇതിൽ പ്രതികാരം ചെയ്യാനാണ് രാത്രിയിൽ റാന്നി ഡിപ്പോയിൽ കയറി ബസിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.