ആലപ്പുഴയിൽ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ വീട്ടിൽ കഴിഞ്ഞിരുന്ന പത്തു വയസുകാരനെ ചൈൽഡ് ലൈനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ ഇടപെട്ട് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.
ആലപ്പുഴ: വീടും പരിസരവും മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യത്തിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന പത്തു വയസുകാരന് തുണയായി ചൈൽഡ് ലൈനും പൊലീസും. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ ഇടപെട്ട് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കവറുകളും വീടിന്റെ അടുക്കളയിലടക്കം നിറഞ്ഞുകിടക്കുകയായിരുന്നു. മുറികളും പൂർണമായും വൃത്തിഹീനമായിരുന്നു.
പഠനത്തിൽ മിടുക്കനായ കുട്ടിയെ അധികൃതർ അമ്മയുമായി സംസാരിച്ചശേഷമാണ് ഇവിടെനിന്ന് മാറ്റിയത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടിയെ ഏറ്റെടുത്ത് സംരക്ഷണ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. റെസ്ക്യൂ ഓഫിസര്‍ കെ എസ് സംഗീത, ഔട്ട് റീച്ച് വർക്കർ എ എസ് അനഘ, ചൈൽഡ് ഹെല്പ് ലൈൻ കേസ് വർക്കർ ജൈനമ്മ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.






