പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൊല്ലം സ്വദേശിയായ 21-കാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21-കാരൻ പൊലീസ് പിടിയിൽ. കാഞ്ഞാവെളി വളവിൽ മേലതിൽ സ്വദേശി ആദിത്യനെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ വീട്ടിലെത്തി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
അഞ്ചാലുംമൂട് സി ഐ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അർജുൻ, സജൽ എസ് ദീൻ, സീനിയർ സി പി ഒ പ്രമോദ്, സി പി ഒ മാരായ ശിവകുമാർ, സുനിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


