ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. 

ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(swathi sree-22)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി.സി. രാജേഷ് ചവറ പൊലീസിലാണ് പരാതി നല്‍കിയത്.

യുവതിയുടെ മരണസമയത്ത് ഭര്‍ത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും.

യുവാവ് ഫോണില്‍ ശല്യപ്പെടുത്തി, ഭീഷണി മുഴക്കി; സഹോദരന് സന്ദേശമയച്ച് ഭര്‍തൃമതി ആത്മഹത്യ ചെയ്തു

എടപ്പാള്‍: സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഫീല സഹോദരന് ഫോണില്‍ സന്ദേശമയച്ചിരുന്നു. സഹോദരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ഫോണില്‍ നിരന്തരം ശല്യപ്പെടുത്തുകയും കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപണമുന്നയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് സംസ്‌കരിക്കും.