തൃശ്ശൂര്‍: തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ വൻ കഞ്ചാവ് വേട്ട. 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ വിവേക്, രൂപേഷ് എന്നിവരാണ് പിടിയിലായത്.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. ഇവർ മണ്ണുത്തിക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി അനിൽകുമാറും സംഘവുമാണ് പ്രതികളെ കുടുക്കിയത്.

എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘമാണ് തൃശൂരിലെത്തി കഞ്ചാവ് വേട്ട നടത്തിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് തൃശൂരിലെ വിവിധ മേഖലകളിൽ കൈമാറാനായിരുന്നു പ്രതികളുടെ നീക്കം.