കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ട്' പരിശോധനയിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ അബ്ദുൽ ഹായി മുല്ലയാണ് കലൂരിൽ വെച്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾ ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നതിൽ അന്വേഷണം തുടരുകയാണ്.
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ട്' പരിശോധനയിൽ വൻ ലഹരിവേട്ട. എറണാകുളം കലൂരിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 30.310 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സാഗർ പാറക്കടുത്ത് ഹരേ കൃഷ്ണപൂർ സ്വദേശി അബ്ദുൽ ഹായി മുല്ല (22) ആണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അറസ്റ്റിലായ അബ്ദുൽ ഹായി. പശ്ചിമ ബംഗാളിൽ നിന്ന് ഒഡീഷയിലെത്തി കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങിയ ശേഷം ഇയാൾ വിജയവാഡയിൽ ട്രെയിനിറങ്ങി, അവിടെനിന്ന് മറ്റൊരു ട്രെയിനിലാണ് എറണാകുളം ജംഗ്ഷനിൽ എത്തിയത്. തുടർന്ന് കലൂരിൽ വിൽപ്പന നടത്തുന്നതിനായി എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ മൊത്ത വിതരണക്കാർക്ക് എത്തിച്ചുനൽകുന്നയാളാണ് ഇയാൾ. ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പ്രതി സമ്പാദിച്ചിരുന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
കുറച്ചുനാളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇത്രയധികം കഞ്ചാവ് ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ഡി.സി.പിമാരായ അരുൺ കെ പവിത്രൻ്റെയും മോഹിത് റാവത്തിൻ്റെയും മേൽനോട്ടത്തിൽ ലഹരിവിരുദ്ധ പരിശോധന ശക്തമാണെന്നും അദ്ദേഹം അറിയിച്ചു.


