Asianet News MalayalamAsianet News Malayalam

24 മണിക്കൂറും സേവനം; 1000 പേരും തമിഴ്നാട്ടിൽ നിന്ന്, ശബരിമലയെ ശുദ്ധിയാക്കി വിശുദ്ധിസേന

തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം
24 hour service 1000 people from Tamil Nadu  Sabarimala was cleaned by Vishudisena ppp
Author
First Published Nov 29, 2023, 9:46 PM IST

സന്നിധാനം: ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്.

ജില്ലാ കളക്ടര്‍ എ ഷിബു ചെയർമാനും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്. 

കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്.  24 മണിക്കൂറും വിശുദ്ധി സേനയുടെ ശുചീകരണം നടക്കുന്നുണ്ട്. 

അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേട്ടുമാരും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരുമാണ് താഴെത്തട്ടില്‍ വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 
ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നുണ്ട്. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ ആണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വാഹനവും ഒരുക്കിയിട്ടുണ്ട്. 

അച്ഛന്‍റെ മടിയിലിരുന്ന് ചോറൂണ്, അമ്മ പ്രാർത്ഥനയോടെ ദൂരെ, ശബരിമലയിലെ ചോറൂൺ ചടങ്ങിന്റെ മാത്രം പ്രത്യേകത!

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. വിശുദ്ധിസേനാംഗങ്ങള്‍ക്ക് വേതനത്തിന്  പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും നല്‍കുന്നു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും ലഭിക്കുന്നുണ്ട്. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു മഹോത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios