വിദ്യാഭ്യാസത്തിന്റെ ഏറ്റകുറച്ചിലുകളും സാംസ്കാരികമായ വ്യത്യാസങ്ങളും നേരിട്ട് അനുഭവിക്കാനായി. മറ്റു സംസ്ഥാനങ്ങളിൽ പുതുതലമുറ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പവന

തൃശൂർ: പുതുക്കാട് വരാക്കര സ്വദേശി പവന തന്റെ സ്വന്തം മ്പൈക്കിൽ 53 ദിവസങ്ങൾ കൊണ്ട് പിന്നിട്ടത് 8500 കിലോമീറ്റർ. രാജ്യത്തെ 20 സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ച് തിരിച്ച് നാട്ടിലെത്തിയിരിക്കുകയാണ് ഈ 25 കാരി. ചെറുപ്പം മുതൽ ബൈക്ക് റൈഡിങിലും ഡ്രൈവിങ്ങിലും തൽപരയായിരുന്നു പവന. 15-ാം വയസ്സിൽ ഉള്ളിലുദിച്ച ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നാണ് പവന പറയുന്നത്. ജൂലായ് 31-ന് സ്വന്തം ഹിമാലയൻ 411 ബൈക്കിൽ യാത്ര പുറപ്പെട്ട പവന തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഉത്തരാഗണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഘട്ട്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ കറങ്ങിത്തിരിഞ്ഞാണ് കഴിഞ്ഞ ദിവസമാണ് വരാക്കരയിൽ തിരിച്ചെത്തിയത്. ഓരോ ദിവസവും കൃത്യമായ ദൂരമോ സമയമോ നിശ്ചയിക്കാതെയായിരുന്നു യാത്ര. സെപ്റ്റംബർ 20-ന് ഹൈദരാബാദിൽ നിന്ന് പാലക്കാട്ടേക്ക് ഓടിച്ച 800 കിലോമീറ്ററാണ് ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റൈഡ്. മറ്റു സംസ്ഥാനങ്ങളിലെ ഭാഷയോ ജീവിതമോ സംസ്കാരമോ അറിയാത്ത പവന പല സംസ്ഥാനങ്ങളിലും ആദ്യമായാണ് പോകുന്നത്. ഒരുവിധ തയ്യാറെടുപ്പുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയായിരുന്നു യാത്ര. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് നമ്മുടെ സൗകര്യംമാത്രം നോക്കിയാൽ മതി എന്നാണ് ഇതിന് കാരണമായി പവന പറയുന്നത്. രണ്ടുവർഷം മുമ്പ് നടത്തിയ കന്യാകുമാരി - ധനുഷ്കോടി യാത്രയായിരുന്നു ആകെയുള്ള മുൻപരിചയം. അഞ്ചു ദിവസം കൊണ്ടാണ് അന്ന് യാത്ര പൂർത്തിയാക്കിയത്.

മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ കേട്ടിട്ടുണ്ടെങ്കിലും തനിക്ക് നല്ല അനുഭവം മാത്രമാണ് എല്ലായിടത്തുനിന്നും ഉണ്ടായതെന്ന് പവന പറയുന്നു. വിദ്യാഭ്യാസത്തിന്റെ ഏറ്റകുറച്ചിലുകളും സാംസ്കാരികമായ വ്യത്യാസങ്ങളും നേരിട്ട് അനുഭവിക്കാനായി. മറ്റു സംസ്ഥാനങ്ങളിൽ പുതുതലമുറ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിൽ നിന്നാണെന്ന് പറയുമ്പോഴേ പലർക്കും വലിയ ബഹുമാനമാണ്. യാത്രക്കിടയിൽ വിശ്രമിക്കുമ്പോഴും ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുമ്പോഴും കേരളത്തിൽ നിന്നുള്ള ബൈക്ക് യാത്രികയ്ക്ക് വലിയ സ്നേഹവും പരിഗണനയുമാണ് ലഭിച്ചതെന്ന് പവന പറയുന്നു. മുംബൈയിൽ വെച്ച് ബൈക്കിന്റെ നമ്പർ കണ്ട് ഒരു മലയാളി കൈ കാണിച്ച് തടഞ്ഞുനിർത്തി. പിന്നെ കേരള സമാജത്തിന്റെ സ്വീകരണവും കഴിഞ്ഞാണ് തിരിച്ചയച്ചത്.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയെന്ന് പവന

രാജ്യത്താകമാനം ദേശീയപാതകളുടെ നവീകരണം നടന്നുകൊണ്ടിരിക്കുന്നത് സഞ്ചാരി എന്ന നിലയിൽ വലിയ സന്തോഷമുണ്ടാക്കുന്നതായിരുന്നുവെന്ന് പവന പറഞ്ഞു. ലോകത്ത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഇന്ത്യയെന്നാണ് പവന വിലയിരുത്തുന്നത്. ഓഗസ്റ്റ് 15-ന് ഇന്ത്യ-പാകിസ്ഥാൻ വാഗ അതിർത്തിയിൽ മാർച്ചിന് സാക്ഷ്യം വഹിച്ചത് പവനയുടെ യാത്രയിലെ അഭിമാനകരമായ നിമിഷങ്ങളിലൊന്നായിരുന്നു.

ഉത്തരാഖണ്ഡിൽ വെച്ച് കൺമുന്നിൽ മണ്ണിടിച്ചിലുണ്ടായതും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ കനത്ത മണ്ണിടിച്ചിൽ മൂലം പ്രവേശിക്കാനാകാതിരുന്നതും വലിയ നിരാശ ഉണ്ടാക്കിയതായി പവന പറയുന്നു. 18-ാം വയസിൽ തന്നെ ബൈക്ക് ലൈസൻസും 21 -ാം വയസിൽ ഹെവി ലൈസൻസും നേടിയ പവന 14 വർഷമായി കരാട്ടെ പരിശീലക കൂടിയാണ്. അഞ്ച് സ്കൂളുകളിൽ കരാട്ടെ അധ്യാപികയായ പവന വരാക്കരയിൽ ഇവോക്ക് എന്ന പേരിൽ സ്വന്തമായി അക്കാദമിയും നടത്തുന്നുണ്ട്. ആയിരത്തിലേറെ വിദ്യാർഥികൾ പവനയ്ക്ക് കീഴിൽ കരാട്ടെ അഭ്യസിക്കുന്നുണ്ട്. ഡ്രൈവറായ അച്ഛൻ സുനിലും അമ്മ സുമയും സഹോദരി മേഘനയും പവനയുടെ സ്വപ്നങ്ങൾക്ക് തുണയാണ്. ജമ്മു-കശ്മീർ, നേപ്പാൾ യാത്രയാണ് പവനയുടെ അടുത്ത ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം