പ്രകൃതിയെയും വന്യജീവികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമാണ് വയനാട്ടിലെ സുൽത്താൻ ബത്തേരിക്ക് സമീപത്തുള്ള മുത്തങ്ങ വന്യജീവി സങ്കേതം.
കാടിനെയും വന്യജീവികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരത്തിൽ പ്രകൃതിയെ അതിന്റെ പൂർണതയിൽ ആസ്വദിക്കാനും വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കയറി നേരിൽ കാണാനും ആഗ്രഹമുള്ളവർക്ക് അനുയോജ്യമായ ഇടമാണ് മുത്തങ്ങ വന്യജീവി സങ്കേതം. ആന, കടുവ, മാൻ, കാട്ടുപോത്ത്, കുരങ്ങുകൾ, പക്ഷികൾ, ചിത്രശലഭങ്ങൾ തുടങ്ങിയവയുടെ ആവാസ കേന്ദ്രമാണിവിടം. മുത്തങ്ങയിലേക്കുള്ള റോഡിലൂടെയുള്ള ഡ്രൈവ് വന്യമൃഗങ്ങളെ നേരിൽ കാണാൻ അവസരം നൽകും.
ഏക്കറുകളോളം വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം 1973-ൽ പ്രോജക്ട് എലിഫന്റിന്റെ ഭാഗമായിട്ടാണ് സ്ഥാപിതമായത്. വടക്കുകിഴക്കായി കർണാടകയിലെ നാഗർഹോളയെയും ബന്ദിപ്പൂരിനെയും തെക്കുകിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയെയും ബന്ധിപ്പിക്കുന്ന പ്രദേശത്താണ് മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതം, സമ്പന്നമായ സസ്യജന്തുജാലങ്ങളുടെ മറക്കാനാകാത്ത കാഴ്ചകൾ ഉറപ്പ് നൽകുന്നു. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ അവിഭാജ്യ ഘടകമായ മുത്തങ്ങ വന്യജീവി സങ്കേതത്തിലേയ്ക്ക് എല്ലാ വർഷവും ആയിരക്കണക്കിന് സന്ദർശകരാണ് എത്താറുള്ളത്.
കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമായി കണക്കാക്കപ്പെടുന്ന ഇവിടം സുൽത്താൻ ബത്തേരിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വനത്തിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും കാട്ടാനകൾ കൂട്ടത്തോടെ സ്വതന്ത്രമായി അലഞ്ഞുനടക്കുന്നത് ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ്. 203-ലധികം ഇനം പക്ഷികൾ ഉള്ളതിനാൽ പക്ഷിനിരീക്ഷകർക്കും ഇവിടമൊരു പറുദീസയാണ്. വനങ്ങളിലേക്ക് കടക്കുമ്പോൾ അപൂർവയിനം സസ്യങ്ങളുടെ ഒരു ശേഖരം തന്നെയാകും നിങ്ങളെ സ്വാഗതം ചെയ്യുക. ഉയർന്നുനിൽക്കുന്ന തേക്ക് മരങ്ങൾ, ഗംഭീരമായ റോസ് വുഡ്, ചന്ദനം, മുളങ്കാടുകൾ, കാട്ടു ഓർക്കിഡുകൾ, ഔഷധ സസ്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ അങ്ങനെ ലിസ്റ്റ് നീണ്ടുപോകും.
ട്രെക്കിംഗ്, പക്ഷിനിരീക്ഷണം, ആന ക്യാമ്പുകളിലേക്കുള്ള സന്ദർശനം, ജീപ്പ് സഫാരി തുടങ്ങി മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ഭംഗി പരമാവധി ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ആക്ടിവിറ്റീസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്ന അപൂർവമായ കാര്യങ്ങളെ ഗൈഡുകൾ നിങ്ങൾക്ക് കാണിച്ചുതരികയും ചെയ്യും.
എങ്ങനെ എത്തിച്ചേരാം
ബസ് മാർഗം: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡ് (ഏകദേശം 14 കിലോമീറ്റർ അകലെ)
വിമാന മാർഗം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 115 കിലോമീറ്റർ അകലെ).
ട്രെയിൻ മാർഗം: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (ഏകദേശം 110 കിലോമീറ്റർ അകലെ)


