കരിഞ്ചന്തയിലേക്ക് റീബാഗ് ചെയ്ത് കടത്താനുദ്ദേശിച്ച് സൂക്ഷിച്ചിരുന്ന കാലിച്ചാക്കുകളും റേഷൻ ധാന്യങ്ങൾ തൂക്കുവാൻ ഉപയോഗിച്ചിരുന്ന ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം: തിരൂർ താലൂക്കിലെ പൊൻമുണ്ടം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 26 ചാക്ക് റേഷൻധാന്യം പിടിച്ചെടുത്തു. പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലൻസ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അനധികൃതമായി റേഷനരി പിടിച്ചെടുത്തത്.

പതിനാല് ചാക്ക് കുത്തരി, അഞ്ച് ചാക്ക് പച്ചരി, ഏഴ് ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കരിഞ്ചന്തയിലേക്ക് റീബാഗ് ചെയ്ത് കടത്താനുദ്ദേശിച്ച് സൂക്ഷിച്ചിരുന്ന കാലിച്ചാക്കുകളും റേഷൻ ധാന്യങ്ങൾ തൂക്കുവാൻ ഉപയോഗിച്ചിരുന്ന ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കടുങ്ങാത്തുകുണ്ട് എൻ.എഫ്.എസ്.എ ഡിപ്പോയിൽ ഏൽപ്പിച്ചു. അടുത്തുള്ള കടകളിലും പരിശോധന നടത്തി.

റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് വിൽപ്പന നടത്തുന്നത് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച പരാതികൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അറിയിക്കാം. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ എ.ടി. ഷാജി, ടി.ഷീജ, റേഷനിങ് ഇൻസ്പെക്ടർമാരായ ടി.എ രജീഷ് കുമാർ, എസ്. സതീഷ്, എ.സുൽഫിക്കർ, വി.പി.ഷാജുദ്ദീൻ, എ.ഹരി എന്നിവർ പങ്കെടുത്തു.

കായംകുളത്തും ഇന്ന് അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടിയിരുന്നു. എരുവയിലെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷൻ അരിയാണ് പിടിച്ചെടുത്തത്. സിവിൽ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരി പിടികൂടിയത്. 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയുമാണ് പിടികൂടിയത്. 

Read More : സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്; വിതരണം പ്രതിസന്ധിയിൽ ആയേക്കും, എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ

റസീൽ എന്നയാൾ വാടകക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് അരി പിടികൂടിയത്. റേഷൻ കട നടത്തിവന്നിരുന്ന ഇയാളുടെ ലൈസൻസ് അനധികൃതമായി അരി സൂക്ഷിച്ചതിന്‍റെ പേരിൽ രണ്ട് മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ സപ്ലെസ് സംസ്ഥാന വിജിലൻസ് ഓഫീസർ അനിദത്തിന്‍റെ നേതൃത്തലായിരുന്നു പരിശോധന. എഫ്സിഐ ചാക്കുകളിൽ നിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നതെന്ന് സിവിൽ സപ്ലെസ് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻ കുമാർ പറഞ്ഞു. 

സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്. പൊതുവിതരണത്തിന് എത്തിക്കുന്ന അരി പോളിഷ് ചെയ്തും പൊടിയാക്കിയും വിൽക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.