മൂന്ന് മാസം മുമ്പ് കോഴിക്കോട് നഗരത്തില്‍ ഒരേ ദിവസം രാത്രി നടന്ന മൂന്ന് കവര്‍ച്ചാ സംഭവത്തില്‍ കസബ, ടൗണ്‍ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ അറസ്റ്റിലായിരുന്നു. 

കോഴിക്കോട്: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വാവാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മൊട്ടമ്മല്‍ സിറാജുദ്ദീന്‍ തങ്ങളെയാണ് (26) ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തിങ്കാളാഴ്ച രാത്രി 11.30 ഓടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ അറ്‌സറ്റ് ചെയ്തത്.

2018 ല്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടന്ന അന്വേഷണത്തില്‍ രണ്ട് പ്രതികളിലൊരാള്‍ സിറാജുദ്ദീനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുമ്പ് കോഴിക്കോട് നഗരത്തില്‍ ഒരേ ദിവസം രാത്രി നടന്ന മൂന്ന് കവര്‍ച്ചാ സംഭവത്തില്‍ കസബ, ടൗണ്‍ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ അറസ്റ്റിലായിരുന്നു. 

2022ല്‍ കാക്കൂര്‍ പൊലിസ് പരിധിയിലുണ്ടായ അടിപിടി കേസ്, 2015ല്‍ ഫറോക്ക് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ്, 2018ല്‍ കസബ കേസ് പരിധിയിലെ കവര്‍ച്ചാ കേസ്, ചെമ്മങ്ങാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്, താമരശ്ശേരിയിലെ പ്രകൃതി പിരുദ്ധ പീഡനത്തിലെ പോക്‌സോ കേസ്, 2021ല്‍ വൈത്തിരി പോക്‌സോ കേസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 18-ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. 

വൈത്തിരി പോക്‌സോ കേസില്‍ അറസ്റ്റിലായ സമയത്ത് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കൊടുവള്ളി എസ്എച്ച്ഒ, എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ ഇയാളെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ ഉത്തരവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...