ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ആറ് മാസം  വരെ പഴക്കമുള്ള മത്സ്യമാണ് മാർക്കറ്റിൽ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊച്ചി: എറണാകുളത്ത് 270 കിലോ പഴകിയ മത്സ്യം പിടികൂടി. പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ആറ് മാസം വരെ പഴക്കമുള്ള മത്സ്യമാണ് മാർക്കറ്റിൽ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൂര, കേര, തിരണ്ടി, സ്രാവ് , മോദ, ഉടുപ്പൂരി തുടങ്ങിയ മത്സ്യങ്ങളാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. മൊബൈൽ ലാബുമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. മത്സ്യങ്ങളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. രണ്ട് മാസം മുതൽ ആറ് മാസം വരെ പഴക്കമുള്ള മത്സ്യങ്ങളാണ് മാർക്കറ്റിൽ വിറ്റിരുന്നത്. പഴകിയ മത്സ്യം വിൽപന നടത്തിയവർക്ക് നോട്ടീസ് നൽകിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു.

കഴി‍‍ഞ്ഞയാഴ്ച തോപ്പുംപടിയിൽ നിന്നും നാന്നൂറ് കിലോയിലേറെ പഴകിയ മത്സ്യം പിടികൂടിയിരുന്നു. അതിന് മുമ്പ് ആലുവ മാർക്കറ്റിൽ നിന്ന് 160 കിലോയിലേറെ വരുന്ന പഴകിയ മത്സ്യവും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. ഇതിന് 10 ദിവസത്തിലേറെ പഴക്കമുണ്ട് എന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചത്.പഴകിയ മത്സ്യങ്ങളിൽ അമോണിയ സാന്നിധ്യവും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.