2525 കിലോ മെത്താംഫെറ്റാമൈനും 200 കിലോ ഹെറോയിനും; കൊച്ചിയിൽ മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു
2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്പലമേട്ടിലെ കേന്ദ്രത്തിൽ വെച്ച് നശിപ്പിച്ചത്. എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
കൊച്ചി: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു. 2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്പലമേട്ടിലെ കേന്ദ്രത്തിൽ വെച്ച് നശിപ്പിച്ചത്. എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. 199.5 കിലോ ഹെറോയിനും 2525 കിലോ മെത്തുമാണ് എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം നശിപ്പിച്ച് കളഞ്ഞത്.
ഇറാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയ 2700 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്. 2022 ഒക്ടോബർ, 2023 മെയ് മാസങ്ങളിലാണ് യഥാക്രമം 199.445 കിലോഗ്രാം ഹെറോയിനും 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും എൻസിബി പിടിച്ചെടുത്തത്. ഏഴ് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മയക്കുമരുന്ന് നശിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദക്ഷിണ മേഖല) എൻസിബി, സോണൽ ഡയറക്ടർ എൻസിബി കൊച്ചിൻ, ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐ കൊച്ചിൻ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി (എച്ച്എൽഡിഡിസി) രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ലഹരിമരുന്ന് നശിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം