Asianet News MalayalamAsianet News Malayalam

കളപ്പുരയിൽ അജിയുടെ വീട്ടുപറമ്പിൽ 3 വമ്പൻ പെരുമ്പാമ്പുകൾ, നാട്ടുകാർ വിട്ടില്ല, പിടികൂടി

കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പാമ്പുകളെ കണ്ടത്

3 huge pythons caught from idukki house compound
Author
First Published Nov 27, 2022, 8:43 PM IST

ഇടുക്കി: ഇടുക്കിയിലെ ഉടുമ്പന്നൂരിൽ വീട്ടു പറമ്പിൽ നിന്ന് 3 പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂർ ഇടമറുക് പേനാട്ട് കളപ്പുരയിൽ അജി ചെറിയാന്‍റെ വീട്ടു പറമ്പിൽ നിന്നാണ്  3 പെരമ്പാമ്പുകളെ പിടികൂടിയത്. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പാമ്പുകളെ കണ്ടത്. ഓടിയെത്തിയ നാട്ടുകാരെല്ലാം കൂടി മൂന്നെണ്ണത്തിനെയും പിടികൂടുകയായിരുന്നു. പിന്നീട്  പിടികൂടിയ പെരുമ്പാമ്പുകളെ വനം വകുപ്പിന് കൈമാറുകയും ചെയ്തു.

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടിച്ച് സുരക്ഷിതമായി കാട്ടിലയക്കാൻ സർക്കാർ തയ്യാറാക്കിയ സർപ്പ ആപ്പിനെതിരെ വ്യാപക പരാതികൾ ഉയരുന്നു എന്നതാണ്. ക്രിമിനൽ കേസിൽ പെട്ട നിരവധി പേർ പാമ്പ് പിടിക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ ലൈസൻസ് നൽകുമ്പോൾ പാശ്ചാത്തലം പരിശോധിക്കുന്നില്ലെന്നുമാണ് പരാതി. കണ്ണൂർ ജില്ലിയിലെ പാമ്പുപിടുത്തക്കാരുടെ ലിസ്റ്റിൽ പാമ്പിൻ വിഷം കൈവശം വച്ചതിന് അറസ്റ്റിലായ ആൾ പോലും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. പാമ്പിനെ കണ്ടെത്തിയാൽ ആ വിവരം ജി പി എസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പിലേക്ക് നൽകാം. സംസ്ഥാനത്തൊട്ടാകെ 900 ത്തിൽ അധികം റെസ്ക്യൂവർമാരാണ് ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. റെസ്ക്യൂവർമാർ ക്രിമിനൽ പാശ്ചാത്തലം ഉള്ളവരോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ആവരുതെന്നാണ് ചട്ടം. എന്നാൽ കണ്ണൂർ ജില്ലയിൽ മാത്രം ആകെയുള്ള 43 റെസ്ക്യൂവർമാരിൽ 3 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

പാമ്പ് പിടിക്കാൻ ക്രിമിനലുകളും:സർപ്പ ആപ്പിനെതിരെ പരാതി,പാമ്പിൻവിഷം കൈവശം വച്ചതിന് പിടിയിലായ ആളും പട്ടികയിൽ

ഇതിൽ പാമ്പിൻ വിഷം കൈവശം വച്ചതിന് നിലവിൽ കേസിൽപെട്ടയാളും ഉൾപ്പെടുന്നു. അപകടം പറ്റിയ കാട്ടുപന്നിയുടെ മാംസം ഭക്ഷണത്തിനായി എടുത്ത ഫോറസ്റ്റ് വാച്ചർ കൂടിയായ മറ്റൊരാൾ ജാമ്യത്തിലിറങ്ങി നിലവിൽ റെസ്ക്യുവറായി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു റെസ്ക്യുവർ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശമിച്ച കേസിൽ ശിക്ഷിച്ചയാളാണ്. പാമ്പിനെ കാണുമ്പോൾ ക്രിമിനലാണോയെന്നറിയാതെയാണ് പൊതുജനം റെസ്ക്യൂവർമാരെ വിളിക്കുന്നത്. ഇത് അപകടകരമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. പിടിക്കുന്ന പാമ്പിനെ കൃത്യമായി കാട്ടിൽ വിടാതെ വിഷം ശേഖരിച്ച് വിൽപന നടത്തുന്ന ചിലരും റെസ്ക്യൂവർമാരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്. ലൈസൻസ് നൽകുമ്പോൾ സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യം. നിലവിൽ ക്രിമിനൽ കേസുകളിൽ പെട്ടവരെ അടിയന്തിരമായി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios