Asianet News MalayalamAsianet News Malayalam

യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ചു, പണവും ഫോണുമായി അതേ ഒട്ടോയില്‍ രക്ഷപ്പെട്ടു; 3 പേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട സ്വദേശികളായ ഷെഫീക്ക് (36), ഫസിൽ കെ.വൈ (23), അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

3 people arrested for attacked and trying to kill  young man in kottayam
Author
First Published May 10, 2024, 9:47 PM IST

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (36), അരുവിത്തുറ മറ്റക്കാട് അരയതിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ വീട്ടിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (23), തെക്കേക്കര അരുവിത്തുറ കടുക്കാപറമ്പിൽ വീട്ടിൽ അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികള്‍ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന മറ്റക്കാട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും, മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു. ഈ മാസം 6-ാം തീയതി രാത്രി 11 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവാവിനെ ഷെഫീക്കും, ഫസിലും ചേർന്ന് ഓട്ടം വിളിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് കുളം കവല ഭാഗത്ത് വെച്ച് അഷറഫും, സുഹൃത്തും കയറുകയും തുടർന്ന് ഇവർ വണ്ടിയിലിരുന്ന് യുവാവിനെ ചീത്ത വിളിക്കുകയും മഠം കവല ഭാഗത്ത് വെച്ച് യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തു. പ്രതികള്‍ കയ്യിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് യുവാവിനെ കയ്യിലും ഇരു കാലുകളിലും വെട്ടുകയും, കല്ല് ഉപയോഗിച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 

പിന്നാലെ യുവാവിന്റെ പോക്കറ്റിൽ കിടന്നിരുന്ന 16000 രൂപ അടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിയെടുത്ത് ഇവര്‍ ഓട്ടോറിക്ഷയുമായി കടന്നുകളയുകയുമായിരുന്നു. യുവാവിനോട് ഇവര്‍ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രിജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. ഷെഫീക്കിന് ഈരാറ്റുപേട്ട, തിടനാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എന്നീ സ്റ്റേഷനുകളിലും, ഫസിലിന് ഈരാറ്റുപേട്ട സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ഹണി എച്ച്.എൽ, എസ്.ഐ മാരായ ജിബിൻ തോമസ്, എൽദോസ് എം.സി, സി.പി.ഒമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി നാഥ്, രോഹിത് ജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
 

Latest Videos
Follow Us:
Download App:
  • android
  • ios