പയ്യന്നൂര്‍: മൂന്നുമാസം മുമ്പ് രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണപ്പോഴും പിന്നെ ആശുപത്രി ജീവിതം തുടരുമ്പോഴുമൊന്നും പയ്യന്നൂര്‍ വെള്ളൂരിലെ മൂന്നുവയസുകാരന്‍ അമയിന് അറിയില്ല തന്‍റെ കരള്‍ ഗുരുതരമായ രോഗാവസ്ഥയിലാണെന്ന്. കളിച്ചും ചിരിച്ചും പാട്ടുപാടിയുമൊക്കെ അവന്‍ നടക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ഉള്ളുപിടയും. 

വെള്ളൂര്‍ ഗവര്‍ണമെന്‍റ് ഹയര്‍സെക്കണ്ടറി സ്‍കൂളിനു സമീപത്തെ കുണ്ടത്തില്‍ മനോജിന്‍ററെയും ബീനയുടെയും മകനാണ് അമയ്. എത്രയും വേഗം കുട്ടിയുടെ കരള്‍ മാറ്റി വയ്‍ക്കുകയല്ലാതെ മറ്റുവഴിയൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന് കരള്‍ പകുത്തുനല്‍കാന്‍ അമ്മയുടെ അമ്മ സുശീല തയ്യാറാണ്. പക്ഷേ 25 ലക്ഷം രൂപയോളം ചിലവു വരും കരള്‍ മാറ്റ ശസ്‍ത്രക്രിയയ്ക്ക്. കൂലിപ്പണിക്കാരനായ മനോജിന്‍റെ തുച്ഛവരുമാനം കൊണ്ടാണ് കുടുബം നിത്യവൃത്തി നടത്തുന്ന നിര്‍ധന കുടുംബത്തിന് ഇത്രയും പണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. മാത്രമല്ല ചികിത്സക്കായി ഇപ്പോള്‍ത്തന്നെ വന്‍ തുക ചെലവഴിച്ചും കഴിഞ്ഞു. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ ശസ്‍ത്രക്രിയ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ ആരോഗ്യനില വഷളാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഇപ്പോള്‍ ഉദാരമതികളുടെ കനിവു തേടുകയാണ് ഈ കുടുംബം. അമയിന്‍റെ ചികിത്സാ സഹയാത്തിനായി നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് സമതി രൂപീകരിച്ചിട്ടുണ്ട്. നഗരസഭാ കൗണ്‍സിലര്‍ ഇ ഭാസ്‍കരന്‍ ചെയര്‍മാനും എന്‍ നിതിന്‍ കണ്‍വീനറുമായി കമ്മിറ്റി പയ്യന്നൂര്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 11260100704540. ഐഎഫ്എസ്‍സി കോഡ്: FDRL0001126. കരളലിവുള്ളവര്‍ ഒരു കൈനീട്ടിയാല്‍ മതി ഈ മൂന്നുവയസുകാരന്‍ ജീവിതത്തിലേക്ക് തിരികെ നടക്കാന്‍.