ലഹരി കടത്ത് കണ്ടെത്താനായിരുന്നു വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധന. ഇതിനിടയിൽ കോയമ്പത്തൂരിൽ നിന്നും വന്ന ബസിലുള്ളവരേയും പരിശോധിച്ചു.
പാലക്കാട് : ലഹരി മരുന്ന് കടത്ത് തടയാനായി എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപ പിടിച്ചു. കുഴൽപ്പണം കടത്തിയ കേസിൽ മഹാരാഷ്ട്രാ സ്വദേശിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 30 ലക്ഷമാണ് വാളയാറിൽ എക്സൈസ് പിടികൂടിയത്.
ലഹരി കടത്ത് കണ്ടെത്താനായിരുന്നു വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പരിശോധന. ഇതിനിടയിൽ കോയമ്പത്തൂരിൽ നിന്നും വന്ന ബസിലുള്ളവരേയും പരിശോധിച്ചു. കോയമ്പത്തൂരിൽ നിന്നും ബസിൽ യാത്ര ചെയ്ത മഹാരാഷ്ട്രാ സ്വദേശി ശിവാജിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ന്യൂസ്പ്പേപ്പറിൽ പൊതിഞ്ഞ് 30 ലക്ഷം രൂപ കണ്ടെത്തിയത്. ഉറവിടം തെളിയിക്കുന്ന യാതൊരു രേഖയും ശിവാജിയുടെ കയ്യിലുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ കുഴൽ പണമാണെന്നും. പണം എറണാകുളത്തെത്തിച്ചാൽ25,000 രൂപ ലഭിക്കുമെന്നും ശിവാജി സമ്മതിച്ചു. ഇയാളെ വാളയാർ പൊലീസിന് കൈമാറി.
അതിനിടെ, മുത്തങ്ങ ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്ന് 40 ലക്ഷം പിടികൂടി. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് പണം കണ്ടെത്തിയത്. ലഗേജ് ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.രാവിലെ നാലുമണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം കിട്ടിയത്. അഞ്ഞൂറിന്റെ കെട്ടുകളാണ് കടത്തിയത്. പണം കടത്തിയ വ്യക്തിയെ കണ്ടെത്താനായില്ല

