ജൂണ്‍ നാലിന് രാത്രി പത്തോടെ കുണ്ടുതോടുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

മലപ്പുറം: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. കുണ്ടുതോട് സ്വദേശി ചോലയില്‍ അബ്ദുള്‍ ജസലി(31)നെയാണ് ഇന്‍സ്‌പെക്ടര്‍ ബി എസ് ബിനുവിന്റെ നേതൃത്വത്തില്‍ പെരുമ്പാവുരില്‍നിന്ന് അറസ്റ്റു ചെയ്തത്. ജൂണ്‍ നാലിന് രാത്രി പത്തോടെ കുണ്ടുതോടുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഒതായി സ്വദേശി മാരിയോടന്‍ ജംഷീറിനാണ് വെട്ടേറ്റത്. വാക്കുതര്‍ക്കത്തിനിടെ ജസല്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജംഷീറിനെ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ജംഷീറിന്റെ ഇടതു കൈവിരലുകള്‍ മുറിഞ്ഞു തൂങ്ങുകയുമായിരുന്നു. 2017ല്‍ എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു വധശ്രമകേസിലും ജസല്‍ പ്രതിയാണ്. എസ്‌ഐ ഫിലിപ്പ്, എഎസ്‌ഐ സുനിത, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം