പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്. 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്. നെയ്യാറ്റിൻകരയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവും 150000 പിഴയും വിധിച്ചു. തിരുവല്ലം, മധു പ്പാലം തോട്ടിൻകര കല്ലടിമേലെ വീട്ടിൽ വിനീത് (32)നെയാണ് നെയ്യാറ്റിൻകര പോക്സോ അതി വേഗ കോടതി ജഡ്ജ് കെ. വിദ്യാധരൻ ശിക്ഷിച്ചത്. 

2017 -ലാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. തിരുവല്ലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്‌പെക്ടർ ആയിരുന്ന ആർ സുരേഷ്, ദിലീപ്കുമാർ ദാസ്, എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് സന്തോഷ്‌ കുമാർ പ്രോസീക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.

അതേസമയം, തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കിളിമാനൂര്‍ കാനാറ കുറവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനെ (19) ആണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനു മുമ്പും പല പ്രാവശ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

റൂറല്‍ പൊലീസ് മോധാവി കിരണ്‍ നാരായണന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്എച്ച്ഒ ബി.ജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജി കൃഷ്ണ, ജിഎസ്‌ഐമാരായ താഹിറുദീന്‍, രാജേന്ദ്രന്‍ നായര്‍, എസ്‌സിപിഒ പ്രിജിത്ത്, സിപിഒമാരായ കിരണ്‍, അജി, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.