കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപം കത്തിമുനയിൽ നിർത്തി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശിയായ നിസാമുദ്ദീനെയാണ് കസബ പൊലീസ് പിടികൂടിയത്. അതിഥി തൊഴിലാളിയുടെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്ന് 37,300 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കോഴിക്കോട്: കഴുത്തില്‍ കത്തിവെച്ച് മൊബൈല്‍ ഫോണും അക്കൗണ്ടിലുണ്ടായിരുന്ന പണവും കവര്‍ന്ന യുവാവിനെ പൊലീസ് പിടികൂടി. കൊടുവളളി പാലക്കുറ്റി സ്വദേശി നിസാമുദ്ദീനെ (28) ആണ് കോഴിക്കോട് കസബ പൊലീസ് സമര്‍ത്ഥമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 18ാം തിയ്യതി രാത്രി പാളയം ബസ് സ്റ്റാന്റിന് സമീപത്തു വച്ചാണ് ഒഡീഷ സ്വദേശിക്ക് നേരെ ആക്രമണമുണ്ടായത്.
താമരശ്ശേരി അടിവാരത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്ന അതിഥി തൊഴിലാളി, കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചു പോകാനായി സ്റ്റാന്റിനടുത്തുള്ള മില്‍മ ബൂത്തിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ നിസാമുദ്ദീന്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നു പോയ യുവാവിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി 37,300 രൂപ അയപ്പിച്ച ശേഷം ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ അതിക്രമത്തെ തുടര്‍ന്ന് അതിഥി തൊഴിലാളി ആദ്യം അടിവാരത്തുള്ള താമസ സ്ഥലത്തേക്കും പിന്നീട് നാട്ടിലേക്കും മടങ്ങി.
മടങ്ങിയെത്തിയ ശേഷമാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നതിന്റെ പരിസരങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും പണം അയച്ച അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചുമാണ് പോലീസ് നിസാമുദ്ദീനിലേക്ക് എത്തിയത്. പത്താം മൈലിലെ വീടിന് സമീപം പോലീസ് എത്തിയതിനെ തുടര്‍ന്ന് നിസാമുദ്ദീന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
