കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കുട്ടിക്കള്ളന്‍മാരുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എം പി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍  അജിത്ത്(19 ) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയുമാണ് കോഴിക്കോട് ടൗണ്‍ എസ് ഐ ബിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്റ ബൈക്ക് മോഷണം പോയിരുന്നു. 23ന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട അരക്കിണര്‍ സ്വദേശിയായ ഹാരിസിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കും മോഷണം പോയി. 

ഇന്നലെ രാത്രിയില്‍ അവിചാരിതമായാണ് മോഷണംപോയ ഹാരിസിന്റെ ബൈക്ക് മകന്റെ ശ്രദ്ധയില്‍പെട്ടത്. മകനും കൂട്ടുകാരും ബൈക്കിനെ പിന്തുടര്‍ന്നു റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിലെത്തി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. സംഭവമറിഞ്ഞ് എസ്‌ഐയും സംഘവും സ്ഥലത്തെത്തി ഫാസിലിനെ പിടികൂടുകയായിരുന്നു. 

ചോദ്യംചെയ്യലിലാണ് അജിത്തിനെ കുറിച്ചും സഹോദരന്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ കുറിച്ചും വിവരം ലഭിച്ചത്. ഇതോടെ ഇവരെയും പിടികൂടുകയായിരുന്നു കഴിഞ്ഞവര്‍ഷം പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് കേസിലെ ഉള്‍പ്പെടെ പത്തോളം കേസിലെ പ്രതിയാണ് ഫാസില്‍. 

അജിത്ത് മാറാട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. കഴിഞ്ഞമാസം ടൗണ്‍ പോലീസിന് ആക്രമിച്ച കേസിലും കര്‍ണാടക സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കേസിലും പ്രതിയാണ്. കഴിഞ്ഞ ദിവസവും ബൈക്ക് മോഷ്ടാക്കളായ കുട്ടിക്കള്ളന്മാര്‍ കോഴിക്കോട് പിടിയിലായിരുന്നു.