കോട്ടക്കൽ: ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കൽ പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുൾ ഗഫൂർ (28), കുറുക്കൻ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പൻ ബഷീർ (45) എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീരി ഇന്നലെ അറസ്റ്റ് ചെയ്തത്.

കേസിൽ പെൺകുട്ടിയുടെ പിതാവടക്കമുള്ളവർ ഒളിവിലാണെന്നും പത്തോളം പേർ അറസ്റ്റിലാവാനുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു ഷാഹിറിനു പതിനഞ്ചോളം വരുന്ന സംഘത്തിന്റെ മർദനമേറ്റത്.

ഷാഹിർ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. ഇന്നലെ അറസ്റ്റിലായവർ റിമാൻഡിലാണ്.