കോഴിക്കോട്: കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ജില്ല പൂര്‍ണ കൊവിഡ് മുക്തം. കോടഞ്ചേരി മൈക്കാവ് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക, വടകര, കണ്ണൂര്‍ സ്വദേശിനികളായ ഹൗസ് സര്‍ജന്റ്‌മാര്‍, തമിഴ്‌നാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. 

എല്ലാവരെയും രോഗമുക്തരാക്കാനായത് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മികച്ച നേട്ടമായി. കഴിഞ്ഞ 11 ദിവസമായി ജില്ലയില്‍ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കോഴിക്കോടിന് ആശ്വാസമായി.

ഇന്ന് 70 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇതുവരെ 22,465 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇപ്പോള്‍ ജില്ലയില്‍ 1029 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ 30 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 

Read more: വ്യാജ സീല്‍ ഉപോഗിച്ച് പാസ് നല്‍കിയ പാനൂര്‍ വൈസ് ചെയര്‍പേഴ്സണെതിരെ കേസ്

ഇന്ന് 103 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2015 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1833 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 178 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 
     
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൂടാതെ ലോക്ക് ഡൗണിനു ശേഷം നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.  

Read more: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂര്‍ സിപിഎം

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 113 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 1911 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 6029 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.