കുട്ടനാട്: തിരുവോണദിനത്തില്‍ വീടു കയറി ആക്രമണം. നാലുപേര്‍ക്കു പരിക്കേറ്റു. പുളിങ്കുന്ന് കായല്‍പ്പുറം പാലപ്പാത്ര വീട്ടില്‍ രാജു, ഭാര്യ പൊന്നമ്മ, മകന്‍ ബാബുരാജ്, രാജുവിന്റെ സഹോദര പുത്രന്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. രാത്രി ഒന്‍പതരയോടെയാണ് ആക്രമണം. അയല്‍വാസികളായ പ്രതികള്‍ വീടുകയറി ആക്രമിച്ചതായാണു പരാതി.

പുളിങ്കുന്ന് എട്ടില്‍ പാലത്തിനു സമീപം ഓണഘോഷ പരിപാടിക്കിടെയുണ്ടായ തര്‍ക്കമാണു വീട് കയറി ആക്രമണത്തിൽ കലാശിച്ചത്. വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികള്‍ രാത്രി ഒന്‍പതരയോടെ നിര്‍ത്തി മൈക്ക് ഓഫ് ചെയ്തുകഴിഞ്ഞപ്പോള്‍ വീണ്ടും പാടണമെന്ന് ആവശ്യപ്പെട്ടതാണു പ്രതികളും സുനില്‍കുമാറും തമ്മില്‍ തര്‍ക്കത്തിനു കാരണമായത്. തുടര്‍ന്നു ബാബുരാജിന്റെ വീട്ടിലേക്കുപോയ സുനില്‍കുമാറിനെ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തടസം നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണു രാജുവിനും പൊന്നമ്മയ്ക്കും ബാബുരാജിനും പരിക്കേറ്റത്.

ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ സുനില്‍കുമാറിൻറെ  തലയില്‍ നാല് തുന്നലിടേണ്ടി വന്നു. ആക്രമണത്തില്‍ വീടിനും കേടുപാടുണ്ടായി. കായല്‍പ്പുറം സ്വദേശികളായ റോബിന്‍, അനുപ്, ടിബിന്‍, അപ്പു, ആൻഡ്രൂസ്, ടോണി എന്നിവര്‍ക്കെതിരെ പരാതി ലഭിച്ചതായി പുളിങ്കുന്ന് പൊലീസ് അറിയിച്ചു.  4 പേരും പുളിങ്കുന്ന് താലൂക്ക് ആശുപത്രയില്‍ ചികില്‍സതേടി.