ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ കോൺഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളിൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്

കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാ‍ർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. ഒന്നാം ഘട്ടത്തിൽ 40 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൊച്ചി ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ജനറൽ സീറ്റുകളിലടക്കം 3 വനിതകളെ ഇറക്കിയാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആകെ കോൺഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളിൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് മത്സരിക്കുന്നത് 76 ൽ 65 സീറ്റിലാണ്. മുസ്ലിം ലീഗ് 7 സീറ്റിലും കേരള കോൺഗ്രസ്‌ 3 സീറ്റിലും മത്സരിക്കും.

സ്ഥാനാർഥികൾ

എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എം എ ല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഫോര്‍ട്ടുകൊച്ചി ഒന്നാം ഡിവിഷനിലാണ് മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു വീണ്ടും പോരിനിറങ്ങുന്നത്. മൂന്നാം ഡിവിഷന്‍ ഈരവേലിയില്‍ റഹീന റഫീഖ്, നാലാം ഡിവിഷന്‍ കരിപ്പാലത്ത് മുന്‍ കൗണ്‍സിലര്‍ കെ എം മനാഫ്, എട്ടാം ഡിവിഷന്‍ കരുവേലിപ്പടിയില്‍ കവിത ഹരികുമാര്‍ എന്നിവരും രംഗത്തുണ്ട്. ഒമ്പതാം ഡിവിഷന്‍ ഐലന്‍ഡ് നോര്‍ത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറക്കാണ് നിയോഗം. 11 -ാം ഡിവിഷന്‍ എറണാകുളം സൗത്തില്‍ മുന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഗാന്ധിനഗര്‍ 12 -ാം ഡിവിഷന്‍ നിര്‍മല ടീച്ചര്‍, എറണാകുളം സെന്‍ട്രല്‍ 14 -ാം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, 15 -ാം ഡിവിഷന്‍ എറണാകുളം നോര്‍ത്ത് ടൈസണ്‍ മാത്യു, 16 -ാം ഡിവിഷന്‍ കലൂര്‍ സൗത്ത് മുന്‍ കൗണ്‍സിലര്‍ എം ജി അരിസ്റ്റോട്ടില്‍, 19 -ാം ഡിവിഷന്‍ അയ്യപ്പന്‍കാവില്‍ ദീപക് ജോയി, 20 -ാം ഡിവിഷന്‍ പൊറ്റക്കുഴിയില്‍ അഡ്വ. സെറീന ജോര്‍ജ് എന്നിവരെ ഇറക്കി ജയിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

ഭരണസമിതി പരാജയം

നിലവിലെ കൊച്ചി കോർപറേഷൻ ഭരണ സമിതി പരാജയമാണെന്നും കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ കൊച്ചിക്ക് വേണ്ടി ഒരു പദ്ധതിയും കൊണ്ട് വന്നില്ല. എല്ലാം യു ഡി എഫ് മുൻ ഭരണ സമിതികൾ കൊണ്ട് വന്നതാണെന്നും ഡി സി സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കൊച്ചി കോർപറേഷനിൽ എൽ ഡി എഫ് വ്യാജ വോട്ടുകൾ വ്യാപകമായി ചേർത്തു എന്നും കോൺഗ്രസ്‌ ആരോപിച്ചു. വ്യാജ സ്റ്റാമ്പ്‌ പേപ്പറുകൾ ഉപയോഗിച്ച് പുറത്ത് നിന്നുള്ളവരെ തിരുകി കയറ്റിയെന്നും ഇക്കാര്യത്തിൽ രേഖമൂലം പരാതി നൽകിയിട്ടുണ്ടെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.