കോഴിക്കോട്: മാഹിയിൽ നിന്നു കടത്താന്‍ ശ്രമിച്ച 40 ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടികൂടാനായില്ല. ഇന്ന് പുലർച്ചെ 5.15 ന് വടകരയിലായിരുന്നു സംഭവം.

500 മില്ലിലിറ്ററിന്റെ 80 കുപ്പികളിലായിരുന്നു മദ്യം. കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനത്ത പിന്തുടർന്നെങ്കിലും പ്രതി മദ്യമടങ്ങിയ ബാഗും വാഹനവും ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് എക്സൈസ് ഐബിയിലെ പ്രീവന്റീവ് ഓഫീസർ റിമേഷ്, വടകര റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, ഷിജിൽ, എക്സൈസ് ഡ്രൈവർ ബബിൻ എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് മദ്യക്കടത്ത് കൂടാൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കിയതായി എക്സൈസ്.