കോഴിക്കോട്: ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്തിന്‍റെ​ മീത്തല്‍ സുകുമാരന്‍റെ മകന്‍ ഷാജേഷാണ് (40) മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്ത പുതിയേടത്ത് മുക്ക് കണ്ണിലക്കണ്ടി ഷജില്‍ കുമാറിന് (39) പരിക്കേറ്റു. 

എകരൂല്‍ വള്ളിയോത്ത് കാവിലുംപാറ വളവില്‍ ബുധാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന ഷാജേഷും സുഹൃത്ത് ഷജില്‍കുമാറും രാവിലെ ജോലിയാവശ്യാര്‍ത്ഥം ഇയ്യാട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വീര്യമ്പ്രം കരിങ്കല്‍ ക്വാറിയില്‍നിന്ന്‍ കരിങ്കല്‍ കയറ്റി വരുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

ടിപ്പറിനടിയില്‍പെട്ട ഷാജേഷിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈയ്ക്ക്  ഗുരുതര പരിക്കേറ്റ ഷജില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗമ്യയാണ് ഷാജേഷിന്റെ ഭാര്യ. നാലു വയസുകാരനായ ആദി കൃഷ്ണ മകനാണ്.