ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ നാല് പതിറ്റാണ്ട് പഴക്കമുള്ള കിണർ അപ്രതീക്ഷിതമായി താഴ്ന്നത് വയോധികർ മാത്രമുള്ള ഒരു കുടുംബത്തെ ആശങ്കയിലാക്കി. കിണർ താഴ്ന്നതോടെ വീടിനും ബലക്ഷയം സംഭവിക്കുമോ എന്ന കടുത്ത ഭീതിയിലാണ് കിടപ്പുരോഗിയായ ഗൃഹനാഥനും ഭാര്യയും സഹോദരിയും.

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ നാല് പതിറ്റാണ്ടായി നിലനിന്നിരുന്ന വീട്ടുമുറ്റത്തെ കിണർ പെട്ടെന്ന് താഴ്ന്നതോടെ വയോധികർ ഉൾപ്പെടുന്ന കുടുംബം ആശങ്കയിലായി. മങ്ങാടം വേലിക്കകത്ത് ചെമ്മേഴത്ത് വീട്ടിലാണ് സംഭവം. രണ്ട് വർഷമായി കിടപ്പുരോഗിയായ നാരായണൻ (83), ഭാര്യ രത്നമ്മ (73), സഹോദരി നാരായണി (90) എന്നിവരാണ് ദുരിതത്തിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണ്ണുനിരപ്പിൽനിന്ന് രണ്ട് റിങ്ങിന്‍റെ പൊക്കമുണ്ടായിരുന്ന കിണർ പെട്ടെന്ന് താഴേക്ക് പതിച്ചത്. മരങ്ങളാൽ ചുറ്റപ്പെട്ട കിണറിലെ വെള്ളത്തിന് മുകളിൽ കടുത്ത വെള്ളനിറത്തിലുള്ള പത പൊങ്ങിക്കിടക്കുന്നുണ്ട്. ജപ്പാൻ കുടിവെള്ളം ലഭിച്ചുതുടങ്ങിയതുമുതൽ കിണറിലെ വെള്ളം ഉപയോഗിക്കാറില്ലെന്ന് രത്നമ്മ പറഞ്ഞു. വയോധികരായ ഇവർക്ക് കിണർ പുനർനിർമിക്കാനോ പുതിയത് കുഴിക്കാനോ സാമ്പത്തികശേഷിയില്ല. കിണർ താഴ്ന്നതോടെ വീടുകൂടി താഴുമോ എന്ന കടുത്ത ഭീതിയിലാണ് ഈ കുടുംബം.