ഇടുക്കി: മാങ്കുളം അമ്പതാം മൈൽ ഭാഗത്ത് നാർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ വ്യാജചാരായ നിർമ്മാണത്തിന് പാകമായ 400 ലിറ്റർ കോട കണ്ടെത്തി. അമ്പതാം മൈൽ രാജപ്പൻ സിറ്റിയിൽ നിന്നും ഉദ്ദേശം രണ്ടു കിലോമീറ്ററിലധികം ദൂരെ മാറി ചെങ്കുത്തായ മലഞ്ചെരുവിലുള്ള കോട്ടായിൽ ബിനോയി ജോസഫ് എന്നയാളുടെ റബർ തോട്ടത്തിൽ മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് കണ്ടെത്തിയത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ബിനോയിയും സഹോദരൻ ബിബിനും എക്‌സൈസ് സംഘം വരുന്നത് കണ്ട് ഓടി രക്ഷപെട്ടു. ഇരുവർക്കുമെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ഉടൻ പിടികൂടുന്നതിനുള്ള അന്വേഷണമാരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടു പേരും ചേർന്ന്‌ നാളുകളായി മാങ്കുളം ഭാഗത്ത് ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറീവ് ഓഫീസറായ കെ എസ് അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, രഞ്ജിത്ത് കവി ദാസ്, ശരത് എസ് പി എന്നിവരും പങ്കെടുത്തു.

പണിപ്പെട്ട് ലോക്ക് പൊട്ടിച്ചു, പക്ഷെ സ്റ്റാര്‍ട്ടായില്ല, സിസി ടിവിയില്‍ കുടുങ്ങി ബൈക്ക് മോഷ്ടാക്കള്‍