മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്.

പാലക്കാട്: പാലക്കാട്ടെ പുതുനഗരത്ത് വീട്ടമ്മയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുവെമ്പ് പുതുനഗരം സ്വദേശി സുഭദ്ര(43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ കലഹം ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സുഭദ്രയുടെ സഹോദരൻ ആരോപിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ സുഭദ്രയും ഭര്‍ത്താവ് രാജനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസുഖമുളളതിനാൽ അടുത്ത മുറിയിലായിരുന്നു സുഭദ്ര കിടന്നത്. പുലർച്ചെ ഇവർ കിടന്ന മുറിയിൽ നിന്ന് പുക വന്നപ്പോഴാണ് ഭാര്യയുടെ ശരീരത്തില്‍ തീപടരുന്നത് കണ്ടതെന്നുമാണ് രാജന്‍ നല്‍കിയ മൊഴി. എന്നാല്‍ രാജനും സുഭദ്രയും തമ്മില്‍ പ്രശ്നങ്ങള്‍ പതിവാണെന്നും കഴിഞ്ഞ ദിവസം രാത്രിയും സുഭദ്ര വിളിച്ചു പരാതി പറഞ്ഞിരുന്നുവെന്നും സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു.

മൊബൈൽ ഫോറൻസിക് യൂണിറ്റിലെ സൈന്റിഫിക് ഓഫീസർ, വിരളടയാള വിദഗ്ധർ എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.