വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സർവ്വെയിൽ താമസക്കാർ വനഭൂമിക്ക് പുറത്താണ് കഴിയുന്നതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് പട്ടയം നൽകാമെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകിയത്.

പത്തനംതിട്ട: പത്തനംതിട്ട പൊന്തൻപുഴ വനമേഖലയിലെ 473 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടിക്ക് തുടക്കമായി. പട്ടയം നൽകാമെന്ന് കാണിച്ച് ജില്ലാ കലക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. പൊന്തൻപുഴ വലിയകാവ് വനാതിർത്തിക്ക് പുറത്തുള്ള പെരുമ്പട്ടി വില്ലേജിലെ താമസക്കാർക്കാണ് പട്ടയം ലഭിക്കുക. 

വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സർവ്വെയിൽ താമസക്കാർ വനഭൂമിക്ക് പുറത്താണ് കഴിയുന്നതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് പട്ടയം നൽകാമെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകിയത്. മേഖലയിലെ മുഴുവൻ വനഭൂമിയും കണ്ടെത്താൻ ആരംഭിച്ച സംയുക്ത സർവ്വെ വനംവകുപ്പ് നിർത്തിവെച്ചിരിക്കുകയാണ്. മിനി സർവ്വെയൂണിറ്റ് തയ്യാറാക്കിയ മാപ്പ് ലഭിക്കാത്തതാണ് സർവ്വെ നിർത്താൻ കാരണമെന്നാണ് വനംവകുപ്പിന്‍റെ വാദം. എന്നാൽ താമസകാർക്ക് പട്ടയം നൽകുന്നതിന് ഇത് ത‍ടസ്സമാകില്ലെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.

ആകെ 1593 ഏക്കർ ഭൂമിയാണ് പെരുമ്പട്ടി വില്ലേജിൽ ഉള്ളത്. വനമേഖലയിലെ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നവർ‍ക്കും പട്ടയം ലഭിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറുമായി ചർച്ച നടത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വന്നിരുന്ന 1200ഓളം കുടുംബങ്ങൾ പട്ടയത്തിനായി ഒരു വർഷമായി സമരത്തിലായിരുന്നു.