Asianet News MalayalamAsianet News Malayalam

ലാൽ ജോസിന്‍റെ യാത്ര പ്രചോദനം, 57 ദിവസം, 13 രാജ്യങ്ങൾ താണ്ടിയ മലയാളി സംഘം യുകെയിൽ നിന്ന് ജന്മനാട്ടിലെത്തി

ലണ്ടനില്‍നിന്ന് ഏറ്റവും കുറഞ്ഞ ദിവസംകൊണ്ട് ഇന്ത്യയിലേക്കെത്താവുന്ന പാതയാണ് തിരഞ്ഞെടുത്തത്. മെഴ്സിഡസ് വി-ക്ലാസ് വാഹനത്തില്‍ പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്റും ഉള്‍പ്പെടെയെല്ലാം തയ്യാറാക്കിയായിരുന്നു യാത്ര

5 malayali youth travel 13 countries in 57 days by road to reach home in kerala etj
Author
First Published Nov 18, 2023, 2:18 PM IST

കല്‍പ്പറ്റ: 57 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ റോഡ് മാർഗം സഞ്ചരിച്ച അഞ്ചംഗ മലയാളി സംഘം തിരികെ ജന്മനാട്ടിലെത്തി. യുകെ പൗരത്വമുള്ള കോട്ടക്കല്‍ എടരിക്കോട് നാറത്തടം പാറമ്മല്‍ ഹൗസില്‍ മൊയ്തീന്‍, കാടമ്പുഴ മാറാക്കര മേലേതില്‍ സുബൈര്‍, കരേക്കാട് വടക്കേപീടിയക്കല്‍ മുസ്തഫ കോട്ടക്കല്‍ കുറ്റിപ്പാല ഷാഫി തൈക്കാടന്‍, കുന്നത്ത് ഹുസൈന്‍ എന്നിവരാണ് 27000 കിലോമീറ്ററുകള്‍ താണ്ടിയ ശേഷം വയനാട് വെള്ളമുണ്ടയിലെ അത്തിക്കൊല്ലി കുറിച്യ തറവാട്ടിലെത്തിയത്. ജീവിതത്തില്‍ ഇന്നുവരെ നേരിടേണ്ടി വരാത്ത കയ്പ്പും മധുരമേറിയതുമായ നിരവധി അനുഭവങ്ങളുമുണ്ടായെന്ന് സംഘം യാത്രയേക്കുറിച്ച് ഓർമ്മിക്കുന്നത്.

2014-ല്‍ സംവിധായകന്‍ ലാല്‍ജോസും സംഘവും കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് റോഡ് മാര്‍ഗം നടത്തിയ യാത്രയാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് യുവാക്കള്‍ പറയുന്നു. അഞ്ചുലക്ഷം രൂപയാണ് ഒരാള്‍ യാത്രക്കായി വകയിരുത്തിയത്. സെപ്റ്റംബര്‍ 18-ന് ആരംഭിച്ച് ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ജര്‍മനി, ഓസ്ട്രിയ, സ്ലൊവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ വഴിയായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. ലണ്ടനില്‍നിന്ന് ഏറ്റവും കുറഞ്ഞ ദിവസംകൊണ്ട് ഇന്ത്യയിലേക്കെത്താവുന്ന പാതയാണ് തിരഞ്ഞെടുത്തത്.

മെഴ്സിഡസ് വി-ക്ലാസ് വാഹനത്തില്‍ പോര്‍ട്ടബിള്‍ ശൗചാലയവും പാചകത്തിനുള്ള സാമഗ്രികളും ടെന്റും ഉള്‍പ്പെടെയെല്ലാം തയ്യാറാക്കിയായിരുന്നു യാത്ര. മൂന്നുപേര്‍ ഡ്രൈവിങ് ജോലി ചെയ്യുന്നവരായതിനാല്‍ തന്നെ യാത്ര കൂടുതല്‍ സുഗമമായി. യു.കെ പൗരന്മാരായ മൂന്നുപേര്‍ക്കും വിസ എടുക്കേണ്ടി വന്നത് ഇറാനിലും പാകിസ്താനിലും മാത്രമാണ്. മറ്റു രണ്ടുപേര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക വിസ കൂടി എടുക്കേണ്ടി വന്നു.

മറക്കാന്‍ കഴിയാത്ത നിരവധി അനുഭവങ്ങളാണ് സംഘത്തിന് യാത്രയ്ക്കിടെയുണ്ടായത്. ഇറാനില്‍ നിന്ന് പാകിസഥാനില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബലൂചിസ്താന്‍ പ്രവിശ്യ മുതല്‍ കറാച്ചിവരെ പ്രത്യേക പട്ടാളവാഹനങ്ങളുടെ സുരക്ഷയിലായിരുന്നു യാത്ര. ഇറാനിലെത്തിയപ്പോള്‍ ഇന്ധനം നിറക്കാന്‍ കഷ്ടപ്പെട്ടതും കറന്‍സിയില്ലാതെ വലഞ്ഞതും കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു. ഇറാനില്‍ റോഡ്മാര്‍ഗം യാത്രചെയ്യുമ്പോള്‍ ഇന്ധനം ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍തന്നെ ചെയ്യണമെന്ന പാഠവും സംഘം പങ്കുവെച്ചു. പാകിസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ദിവസം യാത്രയില്‍ ചിലവഴിക്കേണ്ടി വന്നത്. പത്ത് ദിവസത്തെ യാത്രയില്‍ ഏറെ സ്‌നേഹത്തോടെയാണ് പാകിസ്ഥാനിലെ ജനങ്ങള്‍ സ്വീകരിച്ചതെന്നും പലപ്പോഴും ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച് പൈസപോലും വാങ്ങിയില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പൗരന്‍മാരായ രണ്ടുപേര്‍ക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് അങ്ങോട്ട് പ്രവേശിക്കാനായില്ല. ഇക്കാരണത്താല്‍ ഇറാനില്‍നിന്ന് വിമാനമാര്‍ഗം പഞ്ചാബിലെത്തിയാണ് ഇവര്‍ക്ക് തുടര്‍യാത്ര സാധ്യമായത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന വേളയില്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍പട്ടാളം നല്‍കിയ ഗംഭീര വരവേല്‍പ്പും ഇവരുടെ മറക്കാനാകാത്ത അനുഭവമായി. ഒടുവില്‍വയനാട്ടിലെത്തിയ സംഘത്തിന് അത്തിക്കൊല്ലിയിലെ കുറിച്ച്യ തറവാട്ട് മുറ്റത്ത് സ്വീകരണം ഒരുക്കി. അമ്പും വില്ലും നല്‍കിയാണ് യാത്രാസംഘത്തെ തറവാട്ടുകാര്‍ വരവേറ്റത്. ദാരപ്പന്‍ മൂപ്പന്‍, കേളു അത്തികൊല്ലി, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios