Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ രണ്ട് പേർക്ക് കൊവിഡ്, 501 പേര്‍ നിരീക്ഷണത്തില്‍

ഒരാൾ പുരുഷനും ഒരാൾ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയിൽ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു

501 covid suspected patients in kozhikode
Author
Kozhikode, First Published Mar 22, 2020, 7:11 PM IST

കോഴിക്കോട്:  കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾ ബീച്ച് ആശുപത്രിയിലും മറ്റൊരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒരാൾ പുരുഷനും ഒരാൾ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയിൽ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇരുവരെയും വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടർ ജയശ്രീ.വി. അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. 

മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. 20 സ്രാവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 176 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 142 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി 34 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 42 പേര്‍ക്ക് കൗണ്‍സിലിം​ഗ് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സംസ്ഥാനതലത്തില്‍ ലഭിച്ച കൊവിഡ് സംബന്ധിച്ച വീഡിയോ ക്ലിപ്പുകളും പോസ്റ്ററുകളും ഓഡിയോ അനൗണ്‍സ്‌മെന്റ് ക്ലിപ്പും കീഴ്സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തു. വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം ഫേസ്ബുക്കിലൂടേയും കൊവിഡ് സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചു. പത്രദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ നിരീക്ഷിക്കുകയും മീഡിയ സര്‍വെലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സെല്ലിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ടെും ഡിഎംഒ അറിയിച്ചു.

Follow Us:
Download App:
  • android
  • ios