എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്.

മേപ്പാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 58കാരന് ദാരുണാന്ത്യം. കല്‍പ്പറ്റ മേപ്പാടിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞാവറാന്‍ എന്ന 58കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം സ്ഥിരമായിരുന്നു. ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുന്ന സാഹചര്യമാണ് സ്ഥലത്തുള്ളത്.

ജില്ലയില്‍ മൂന്ന് മാസത്തിനുള്ളിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. സെപ്തംബര്‍ , ഒക്ടോബര്‍, നവംബര്‍ മാസത്തിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. ഒക്ടോബര്‍ മൂന്നിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സെപ്തംബര്‍ 12ന് വെള്ളമുണ്ട പുളിഞ്ഞാലില്‍ ചിറപ്പുല്ല് മലയിലെ വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്‍ മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം