ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാനായി മുട്ടറ്റം മുടി വളർത്തി തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഗ്നിവ്ചന്ദ് മാതൃകയായി.
കണ്ണൂർ: ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നതിനായി മുട്ടറ്റം മുടി വളർത്തി മാതൃകയാവുകയാണ് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഗ്നിവ്ചന്ദ്. പനങ്ങാട്ടൂരിലെ സുചീന്ദ്രൻ-രശ്മി ദമ്പതികളുടെ മകനാണ് അഗ്നിവ്ചന്ദ്.
കോവിഡ് കാലം മുതലാണ് അവൻ മുടി വളർത്തിത്തുടങ്ങിയത്. മുട്ടോളം വളർത്തിയ മുടി എന്തിനാണെന്ന് ചോദിച്ചാൽ ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ദാനം ചെയ്യാനാണെന്ന് അവൻ പറയും. മുടി നീട്ടിയത് കാരണം പലപ്പോഴും ആളുകൾ അവനെ മോളെ എന്ന് വിളിച്ചിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഈ ലക്ഷ്യത്തിനായി അഗ്നിവ്ചന്ദ് മുടി സംരക്ഷിച്ചത്.
ക്യാൻസർ ചികിത്സയ്ക്കിടെ മുടി നഷ്ടമാകുന്ന രോഗികൾക്ക് സാന്ത്വനമേകാൻ ഈ മുടി ദാനം ചെയ്യുന്നതിലൂടെ അഗ്നിവ്ചന്ദിന് സാധിച്ചു. ഈ കഴിഞ്ഞ 29ന് അവൻ തന്റെ മുടി ദാനം ചെയ്തു. ചെറുപ്പത്തിൽ തന്നെ സഹാനുഭൂതിയോടെയുള്ള ഈ പ്രവൃത്തിക്ക് അഗ്നിവ്ചന്ദിനെ പ്രേരിപ്പിച്ച രക്ഷിതാക്കളും നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്.
