ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നു പിടിച്ച 60 കാരന്‍ അറസ്റ്റില്‍
ഓണാഘോഷ പരിപാടിക്ക് ഇടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു

പരുമല: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ കടന്നു പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി.കെ സാബു ( 60 ) നെയാണ് അറസ്റ്റ് ചെയ്തത്. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്ക് ഇടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മരക്കൊന്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. വെട്ടുറോഡ് സ്വദേശി വിനേഷാണ് മരിച്ചത്. കഴക്കൂട്ടം വെട്ടുറോഡ് മാർക്കറ്റിൽ ഒരു ക്ലബിന്റെ ഓണാഘോഷം നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തൃശൂരിൽ ഇന്നലെ രാത്രി മൂന്നു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
നെടുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടത്. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ, വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി. മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ്. നിമേഷ് എന്നയാൾക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം