ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സഹയാത്രികയായ യുവതിയോട് അപമര്യാദയായി പെരുമാറിയ 62-കാരൻ അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടൻ നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊച്ചി: വിമാന യാത്രയ്ക്കിടെ സഹയാത്രികയായ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത 62-കാരൻ നെടുമ്പാശ്ശേരിയിൽ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ മോഹനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഖത്തർ എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. ദോഹയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിൽ മോഹന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു യുവതി ഇരുന്നിരുന്നത്.
യാത്രയ്ക്കിടെ മോഹൻ തന്നോട് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും യുവതി വിമാനത്തിനുള്ളിൽ വെച്ച് തന്നെ അധികൃതരോട് പരാതിപ്പെട്ടു. വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടൻ തന്നെ വിമാന അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി മോഹനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


