കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതില്‍ 22 വീടുകള്‍ പൂര്‍ണ്ണമായും 605 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ 18 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ 267 വീടുകള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. 

മാനന്തവാടിയില്‍ ഒരു വീട് പൂര്‍ണ്ണമായും 109 വീടുകള്‍ ഭാഗീകമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 3 വീട് പൂര്‍ണ്ണമായും 229 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ ജില്ലയുടെ കാര്‍ഷിക മേഖലക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായും പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുരുമുളക് കര്‍ഷകര്‍ക്കാണ്. 

180 ഹെക്ടര്‍ സ്ഥലത്തെ 62082 കുരുമുളക് വളളികള്‍ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്. നാശനഷ്ടത്തില്‍ രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടര്‍ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയില്‍ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്. 195.7 ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിച്ചു. മറ്റ് വിളകളുടെ നാശനഷ്ട കണക്കുകള്‍

വിളകള്‍ (വിസ്തൃതി ഹെക്ടറില്‍), നാശനഷ്ടം യഥാക്രമം:

കിഴങ്ങ് വര്‍ഗം (104)  1.04 കോടി
കപ്പ (123) 1.23 കോടി
നെല്ല് (142)  50.4 ലക്ഷം
ഏലം (39.4) 27.58 ലക്ഷം
ജാതിക്ക (1.8)  3.6 ലക്ഷം
കാഷ്യൂ ( 0.4) 1.32 ലക്ഷം
മഞ്ഞള്‍ (0.4) 0.28 ലക്ഷം
തെങ്ങ് ( 2) 10.36 ലക്ഷം
റബര്‍ (3.82) 13.22 ലക്ഷം
കൊക്കോ (4.4) 4.4 ലക്ഷം
കാപ്പി (7.85) 39 ലക്ഷം
അടക്ക (8.65) 43.25 ലക്ഷം
പച്ചക്കറികള്‍ (20) 8.32 ലക്ഷം
പഴങ്ങള്‍ ( 2.6) 2.6 ലക്ഷം